2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മകാരം മത്തായി മറിപ്പല്ലെന്നു മലയാള മനോരമയില്‍ വായിച്ചത് മറക്കാനവുന്നില്ല. മലയാളത്തില്‍ 'മ' മാത്രമല്ല 'മ' പോലെ മറ്റനേകം അക്ഷരങ്ങളുണ്ട്. പക്ഷെ 'മ' പോലെ മലയാളികള്‍ ഉപയോഗിക്കുന്ന മറ്റൊരു അക്ഷരമില്ല. മ ഇല്ലെങ്കില്‍ മലയാളമുണ്ടോ.....മലയാളിയുണ്ടോ? മലയാളത്തെപ്പറ്റി മൊഴിയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത്, malayalam എന്ന് തിരിച്ചിട്ടാലും മറിച്ചിട്ടാലും മലയാളം എന്ന് തന്നെ വായിക്കാം എന്നതാണ്. മലയാള മണ്ണിലും മലയാള സിനിമയിലും 'മ'യുടെ മഹിമയും മഹത്വവും മറക്കാവതല്ലെന്നു മൊഴിയുന്നവര്‍ മകാരം മത്തായിയും മാന്നാര്‍ മത്തായിയും മാത്രമല്ല, മറ്റനേകം പേരുമുണ്ട്. മലയാള നാട്ടില്‍ മാടുകള്‍ വിളിക്കുന്നത് "മേ" എന്നാണെങ്കില്‍ മക്കള്‍ വിളിക്കുന്നത് "അമ്മേ" എന്നാണ്. മൂവന്തി നേരത്ത് മൂക്കു മുട്ടെ മാദനീയം മോന്തിയ മത്തായിയോടു മോരു മോന്തൂ എന്നു മൊഴിഞ്ഞ മറിയാമ്മയെ മത്തായി വിളിച്ചത് 'മറിയാമ്മേ' എന്നല്ലെങ്കില്‍ മറ്റൊന്നുമല്ല, 'മ' ചേര്‍ത്തു തന്നെയാണ്. 'മ' മലയാളത്തിന്ടെ മരതകമെന്നും മാണിക്യമെന്നും മലയാളികള്‍ മൊഴിയാറുണ്ട്. 'മ'യും മലയാളവും മറക്കുന്നവന്‍ അമ്മയെ മറക്കുന്നു. മലയാളത്തിലെ മാതാവായാലും മറുനാട്ടുകാരുടെ മദറോ മമ്മിയോ ആയാലും ഹിന്ദിക്കാരുടെ മാ ആയാലും അതില്‍ 'മ' ഉള്ളത് 'മ' മാതൃത്വത്തിന്ടെ അടയാളമായതിനാലാണ്.'മ'യ്ക്ക് മാലോകര്‍ മാതൃസ്ഥാനം കൊടുക്കുന്നതുകൊണ്ടാണ്. 'മ'യെപ്പറ്റി മറന്നിട്ടോ മതിയായിട്ടോ അല്ല, എന്നാലും മിച്ചമുള്ളത് മറ്റൊരിക്കല്‍ മൊഴിയാം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ