2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഗരം താര നയന്‍ മസാല

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ടി.വി. ചാനല്‍ നയന്‍ താരയുമായുള്ള ഒരു അഭിമുഖം ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിരുന്നു. രോക്ഷാകുലയായിരുന്നു നയന്‍സ് അതില്‍. സിനിമയില്‍ കക്ഷിയുടെ വസ്ത്ര ധാരണ രീതിയെക്കുറിച്ച് ചോദ്യകര്‍ത്താവ് പ്രകടിപ്പിച്ച ചില സംശയങ്ങളാണ് അവരെ ചൊടിപ്പിച്ചത്. തന്നെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത് എന്തിനാണ്, പിന്നെ നിങ്ങള്‍ എന്തിനു കാണാന്‍ പോയി എന്നാണ് നയന്‍സ് ചോദിക്കുന്നത്. ക്ഷീരമുള്ള അകിട്ടിലും നിങ്ങള്‍ ചോരയാണ് അന്വേഷിക്കുന്നതെങ്കില്‍ പിന്നെ എന്തിനു പശുവിനെയും അകിടിനെയും കുറ്റം പറയുന്നു? നയന്സിന്ടെ ചോദ്യം യുക്തിസഹമാണ്. പക്ഷെ ഗൂഗിള്‍ ഗോപാലന് സംശയം. നയന്സിന്ടെ സിനിമകള്‍ കാണുന്നവരെല്ലാം നയന്സിന്ടെ ചോര മോഹിച്ചാണോ തീയറ്ററില്‍ എത്തുന്നത്‌? മണിച്ചിത്രത്താഴില്‍ ശോഭനക്ക് കിട്ടിയതുപോലെ ഒരു വേഷം കിട്ടിയാലല്ലേ നയന്‍സിനും സ്വന്തം കഴിവ് തെളിയിക്കാന്‍ കഴിയൂ. അതുകൊണ്ട് സഹൃദയരായ സിനിമ പ്രവര്‍ത്തകര്‍ നയന്‍സിന് ഒരു അവസരം കൊടുക്കണമെന്നാണ് ഗോപാലന്ടെ അഭിപ്രായം.
(നിര്‍മാതാക്കളുടെ ശ്രദ്ധക്ക്: ക്ഷീരോല്പ്പാദനത്തിന് പുല്ലും വൈക്കോലും പിണ്ണാക്കും ഒക്കെ ഇറക്കുന്നത്‌ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം. )

ടി അഭിമുഖത്തില്‍ നയന്സിന്ടെ മുഖം വീണ്ടും കറുത്തത് പ്രഭു ദേവയുമായുള്ള വിവാഹത്തെ സംബന്ധിച്ച പത്ര വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ്. ഇത്തരം കിംവദന്തികള്‍ പടച്ചുവിടുന്ന "മാധ്യമ സിന്ദിക്കേറ്റു"കള്‍ ഒന്നോര്‍ക്കണം. ഇതെല്ലാം വായിച്ചു വ്യാകുല മാതാവിനു മുന്നില്‍ വേവലാതിപ്പെടുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. സിന്ദിക്കേറ്റുകള്‍ അവരുടെ മനോവ്യഥ കൂടി ഒന്നു മനസ്സിലാക്കണം എന്നാണ് നയന്‍സ് പ്രതികരിച്ചത്. ഇവിടെയും നയന്സിന്ടെ ഭാഗത്ത് ന്യായമുണ്ട്. നയന്സിനെപ്പോലെ ഉള്ളവര്‍ വെള്ളിത്തിരയില്‍ ഇമ്മാതിരി "അഭിനയം" തുടങ്ങിയതില്‍ പിന്നെ കുടുംബസമേതം ഒരു സിനിമക്കു പോലും പോകാന്‍ കഴിയാത്ത മാതാപിതാക്കളുടെ മനോവികാരം നയന്‍സും ഒന്നു മനസ്സിലാക്കിയാല്‍ നന്നായിരുന്നു. തീര്‍ന്നില്ല. ഗൂഗിള്‍ ഗോപാലന് രണ്ടു സംശയം പിന്നെയും അവശേഷിക്കുന്നു.
1. നയന്സിന്ടെ മാതാപിതാക്കള്‍ വേവലാതിപ്പെടണമെങ്കില്‍ അപ്പോള്‍ അവരും ഈ വാര്‍ത്തകള്‍ വിശ്വസിച്ചോ?
2. അവര്‍ക്കും പത്രം വായിച്ചിട്ട് വേണോ നയന്‍സിനെ മനസ്സിലാക്കാന്‍?

വാല്‍ക്കഷ്ണം: കലാ ഭവന്‍ മണി, ദിലീപ്, ശ്രീനിവാസന്‍, കല്‍പ്പന തുടങ്ങി ഒരുപാട് നല്ല നടീ നടന്മാരുണ്ട് നമ്മുടെ നാട്ടില്‍. ഇവരെല്ലാം സ്വന്തം പരിമിതികള്‍ മനസ്സിലാക്കി അവര്‍ക്ക് പറ്റുന്ന വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നവരാണ്. അതുപോലെ നയന്‍സും തനിക്കു ഇത്തരം വേഷങ്ങളെ ചെയ്യാന്‍ പറ്റൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അങ്ങനെ ചെയ്യുന്നതെങ്കില്‍ "ജീവിച്ചു പോയ്ക്കോട്ടെ" എന്നുവെച്ച് കണ്ണടക്കാന്‍ മലയാളം വിശാല മനസ്ക്കത കാണിച്ചേക്കും.

1 അഭിപ്രായം: