2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

ജീവിതത്തിന്ടെ ഒഴുക്ക്

ചോര്‍ന്നു പോകുന്ന ജീവിതത്തിനു തടയിടാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍, അതിന്ടെ ഒഴുക്കിന് ഒരു ചാലു കീറാന്‍ ശ്രമിച്ചുകൊണ്ട്‌….
സ്നേഹപൂര്‍വ്വം,
ആയക്കാട്

എന്റെ ഇഷ്ടം !!!

ഉച്ചക്ക് മലബാര്‍ ഹോട്ടലിലെ വിരസമായ ഊണും കഴിഞ്ഞു മുറിയിലേക്ക് മടങ്ങുമ്പോഴാണ് എനിക്കു വീണ്ടും ബ്ലോഗാന്‍ മുട്ടിയത്‌ ഇവിടെ ഞാന്‍ എന്റെ ഏറ്റവും ഇഷ്ടപെട്ട വിഭവതിന്ടെ പാചകവിധി നിങ്ങളുമായി പങ്കുവെക്കട്ടെ. എളുപ്പം…ലളിതം…രുചികരം. ഇനിയും മാമോദീസ മുക്കാത്തതിനാല്‍ പേരിട്ടിട്ടില്ല.
ആവശ്യമായ സാധനങ്ങള്‍ :
1. തൈര് ഉടച്ചത്
2.തക്കാളി ചെറുതായി അരിഞ്ഞത്
3.സവാള അരിഞ്ഞത്
4.ഇഞ്ചി ചതച്ചത്
5.കാ‍ന്താരി മുളക് അരിഞ്ഞത്
6.ഉപ്പും കറിവേപ്പിലയും
പാകം ചെയ്യുന്ന വിധം:മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം അവ്സ്യനുസരണം എടുത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ പുതിന ഇലയും കാന്താരി മുളകിന് പകരം മുളകുപൊടിയും ചേര്‍ക്കാം. മുളകുപൊടി ചേര്‍ത്താല്‍ ആകര്‍ഷകമായ ഇളം ചുവപ്പ് നിറം കിട്ടും.നല്ലൊരു കൂട്ടാന്‍ തയ്യാര്‍!!! ഇനി ഒന്ന് രുചിച്ചു നോക്കൂ ….....
ഇഷ്ടമായില്ല ആല്ലെ ….. ഒരു കാര്യം പറയാന്‍ വിട്ടു. ഇതിനു ഞാന്‍ പറഞ്ഞ രുചി വരണമെങ്കില്‍ പാകം ചെയ്യുമ്പോള്‍ അമ്മയുടെ കൈപ്പുണ്യവും വിളമ്പുമ്പോള്‍ അല്പം സ്നേഹവും ചേര്‍ക്കണം!!

അമ്മേ പാമ്പ്‌!!!

ആഗോളീകരണത്തിന്റെ കാലത്ത് ആങ്കലെയത്തിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് അറിയാഞ്ഞിട്ടോ, ആങ്കലെയം അറിയാഞ്ഞിട്ടോ മലയാള പണ്ഡിതന്‍ ആയിട്ടോ അല്ല മലയാളത്തില്‍ ബ്ലോഗാന്‍ തുടങ്ങിയത്. "മമ്മി" എന്നു വിളിച്ചു ശീലിച്ചിട്ടുകൂടി പാമ്പിനെ കണ്ടാല്‍ ഇന്നും കരയുന്നത് "അമ്മേ......പാമ്പ്" എന്നായതുകൊണ്ടാണ്. മുറിച്ചിട്ടാലും മുറിക്കൂടുന്നൊരു പൊക്കിള്‍ക്കൊടി ബന്ധം. ആംഗലേയം പഠിച്ചത് മസ്തിഷ്കം മാത്രം. ഹൃദയം ഇന്നും മലയാളമേ സംസാരിക്കൂ. അതുകൊണ്ട് ഹൃദയം സംസാരിക്കുന്നത് ഹൃദയത്തിന്ടെ ഭാഷയില്‍ ഞാന്‍ ഇവിടെ കുറിക്കുന്നു......
സ്നേഹപൂര്‍വ്വം,
ആയക്കാട്

പത്മോസില്‍ നിന്നൊരു കത്ത്

ലോകവ്യാപക വലയിലൂടെ (www) അലഞ്ഞു നടക്കുമ്പോള്‍ കിട്ടിയ ഒരു അറിവാണ്‌ ഈ ബ്ലോഗിനുള്ള കാഞ്ചി (trigger) വലിച്ചത്. ഒരു ഇന്ത്യക്കാരന്ടെ ശരാശരി ആയുര്‍ദൈര്ഖ്യം 62 വയസ്സ്. ഇപ്പറഞ്ഞത്‌ എന്റെ കാര്യത്തില്‍ ശരിയാവുകയാണെങ്കില്‍ ജീവിത നാടകത്തില്‍ ഒരു ഇടവേളക്ക് (intermission) സമയം അടുത്തിരിക്കുന്നു. അളവുകോല്‍ (scale) ഇങ്ങനെ തിരിച്ചു പിടിച്ച് അളന്നു കഴിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം. ഈ ചെറിയ നാടകത്തില്‍ കണ്ടുമുട്ടിയ മറ്റു കഥാപാത്രങ്ങലോടുള്ള ബന്ധങ്ങള്‍ക്ക് അല്പംകൂടി ഊഷ്മളത ആകാമായിരുന്നു, വല്ലപ്പോഴും ഒത്തുവന്ന കൂടിക്കാഴ്ചകളില്‍ വിദ്വേഷവും വഴക്കും എല്ലാം ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നല്‍. ഇനിയുള്ള ഓരോ കണ്ടുമുട്ടലുകളും സ്നേഹവായ്പുകളുടെ പരിമളം നിരഞ്ഞതാകനമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനി ഒരുപക്ഷെ മേല്‍പ്പറഞ്ഞ ഇടവേള ഞാന്‍ അറിയാതെ നേരത്തേ കടന്നുപോയെങ്കില്‍ മുന്‍പ് സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ക്ക് എല്ലാവരോടും മാപുചോടിച്ചുകൊണ്ട്……സ്നേഹപൂര്‍വ്വം,
ആയക്കാട്

ലാലേട്ടന്‍ സിന്ദാബാദ് !!!

ഇത്തവണ മലബാര്‍ ഗോള്‍ഡിന്ടെ ചെലവില്‍ ലാലേട്ടന്‍ പൊട്ടിച്ച വെടി കൊണ്ടാണ് ബ്ലോഗാനിരുന്ന എന്റെ തലയില്‍ തേങ്ങ വീണത്‌. ചപ്പുചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. കച്ചവട ലക്ഷ്യത്തോടെയുള്ള പരസ്യമാണ് സംഗതിയെങ്കിലും സഹൃദയര്‍ക്ക് പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ഉതകുന്ന ഒരു സന്ദേശമുണ്ട് അതില്‍.
രണ്ടു സംശയം ഇപ്പോഴും ബാക്കി. കുരുക്ഷേത്രയിലൂടെ പട്ടാളക്കാരുടെ ത്യാഗോജ്ജ്വലമായ പ്രയത്നങ്ങളെ ജനങ്ങളില്‍ എത്തിച്ചതിന് മോഹന്‍ലാലിനു ലെ. കേണല്‍ പദവി ലഭിച്ച സ്ഥിതിക്ക് ഇനി പരിസരം വൃത്തിയാക്കുന്ന കാര്യം ജനങ്ങളില്‍ എത്തിച്ചതിനു അദ്ദേഹത്തെ ആസ്ഥാന ചവറുപെറുക്കിയായി പ്രഖ്യാപിക്കുമോ ആവോ!!!! രണ്ടാമത്തെ സംശയം ദൈവത്തിന്ടെ സ്വന്തം നാട്ടില്‍ എത്രപേര്‍ക്ക് ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതാണ്. കുറഞ്ഞ പക്ഷം അദ്ദേത്തിനു സിന്ദാബാദ് വിളിക്കുന്ന ഫാന്‍സ്‌ അസോസിയേഷന്‍ എങ്കിലും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരും എന്ന് നമുക്ക് പ്രത്യാശിക്കാം.
വാല്‍ക്കഷണം : ഉദ്യാനത്തില്‍ (Park) ഇരുന്നു ഓറഞ്ച് കഴിച്ചിട്ട് തൊണ്ട് പത്തു മീറ്റര്‍ ദൂരെയുള്ള ചണ്ടിപ്പാത്രത്തില്‍ (waste bin) കൊണ്ടുപോയി ഇട്ടതിനു പരിഹസിച്ച അഭ്യസ്തവിദ്യന്മാരുള്ള നാടാണ് നമ്മുടേത്. അവരോടു നമുക്ക് തല്‍ക്കാലം ഒന്നേ പറയാനുള്ളൂ, “നീ പോ മോനേ ദിനേശാ……….”. അവരെ പിടിച്ചു ഒരു സവാരി ഗിരി ഗിരി നടത്തേണ്ടതാണ്. അത് അതിനു അധികാരമുള്ളവര്‍ ചെയ്യട്ടെ.

ലാലേട്ടന്‍ മൂര്‍ദാബാദ് !!!

ഇത് ലാലേട്ടന്‍ ആദ്യം പൊട്ടിച്ച വെടിക്കുള്ള മറുവെടിയാണ്. നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ പണം നഷ്ട്ടപ്പെടാന്‍ കാരണം വിപണിയിലെ കയറ്റിറക്കങ്ങലെക്കാള്‍ ഉപരി തെറ്റ്‌ആയ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് എന്നാണു അദ്ദേഹത്തിന്‍റെ വാദം. അപ്പറഞ്ഞത്‌ വാസ്തവം. അതുകൊണ്ട് മാര്‍ഗ്ഗോപദേശം ആര് തന്നാലും, അത് ഇനി ഇപ്പറഞ്ഞ ലാലേട്ടനോ അദ്ദേത്തിന്ടെ ഹെഡ്ജ് ഇക്വിടീസ്‌ ആയാല്പ്പോലും, വെള്ളം തൊടാതെ വിഴുങ്ങരുത് എന്നാണു ഈയുള്ളവന്ടെ അഭിപ്രായം. ‘പുലികള്‍’ എന്ന് നാം കരുതുന്ന ഇത്തരക്കാരുടെ അഭിപ്രായം കേട്ടിട്ടായാലും, സ്വന്തം പഠനാന്വേഷണങ്ങള്‍ക്ക് ശേഷമായാലും, ഉണ്ടാകാന്‍ പോകുന്നത് ഒരേ നഷ്ട്ടക്കണക്കാണെങ്കില്‍ രണ്ടാമത് പറഞ്ഞ രീതി അവലംബിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. കാരണം സ്വന്തം തെറ്റുകളില്‍നിന്ന് ചില ഗുണപാഠങ്ങലെങ്ങിലും നമുക്ക് ലഭിച്ചേക്കും. മേല്‍പ്പറഞ്ഞ പുലികള്‍ പലപ്പോഴും വിപണിയില്‍ കാളക്കൂറ്റന്മാര്‍ പിടിമുറുക്കി കഴിയുമ്പോഴാണ് മികച്ച പ്രകടനത്തിന്ടെ ഊതിപ്പെരുപ്പിച്ച കണക്കുമായി കച്ച മുറുക്കി കൊയ്ത്തിനു ഇറങ്ങുന്നത്. അവര്‍ വേലിയേറ്റത്തിന്ടെ സമയത്ത് തോണി ഉയരുന്നത് സ്വന്തം കഴിവുകൊണ്ടാണ്‌ എന്ന് അവകാശപ്പെടുന്ന മുക്കുവനെപ്പോലെയാണ്. നല്ല നാളെകള്‍ ആശംസിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം,
ആയക്കാട്