2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

മണ്ണും ചാരി നിന്നവന്‍ നോബെലും കൊണ്ട് പോയി...

ഇടി വെട്ടിയവനെ പാമ്പ് കടിക്കുന്നത് പതിവാണ് കേരളത്തില്‍. അങ്ങ് അമേരിക്കയില്‍ കഥ മറിച്ചാണ്. നിധി കിട്ടിയവന് തന്നെ ലോട്ടറി അടിക്കുന്നു. "വെള്ള വീട്" അഥവാ White House എന്ന് നാം വിളിക്കുന്ന ആ വീടിന്റെ കാരണവര്‍ സ്ഥാനം. ആ വീടിനെയാണോ കര്‍ത്താവ് വെള്ള തേച്ച ശവക്കല്ലറ എന്ന് വിളിച്ചത്? ആര്‍ക്കറിയാം? ഏതായാലും ടി കാരണവര്‍ സ്ഥാനം കിട്ടി ഒരാണ്ട് തികയും മുമ്പേ ഇതാ വരുന്നു നോബല്‍ സമ്മാനം. തീരെ പ്രതീക്ഷിച്ചതല്ല. അതാണ്‌ എന്നെയും നിങ്ങളെയും പോലെ, കിട്ടിയ ഒബാമ പോലും അത്ഭുതപ്പെട്ടത്. K.R.നാരായണന്‍ T.N.ശേഷനെ തോല്‍പ്പിച്ചു രാഷ്ട്രപതി ആകുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് അമേരിക്കയില്‍ കറുത്തവന്‍ വെളുത്തവനെ തോല്‍പ്പിച്ചു രാഷ്ട്രപതി ആകണമെങ്കില്‍. കറുത്തവന്‍ മാത്രമാണെങ്കില്‍ പോട്ടെ, ഇതിപ്പോള്‍ ബിന്‍ ലാദന്ടെ ജാതിയും!!! കിട്ടിയത് നിധി തന്നെ. അതിന്ടെ പിന്നാലെയാണ് ഇപ്പോള്‍ ഒരു ലോട്ടറി നോബെലിന്ടെ രൂപത്തില്‍. അതും സമാധാനത്തിന്ടെ!!! ലോകത്തില്‍ സമാധാനമുണ്ടാക്കാന്‍ അങ്ങേരു എന്താണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. പുറം കരാര്‍ ജോലികള്‍ (out sourcing) നിര്‍ത്തലാക്കും എന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരുടെ സമാധാനം കുറയുകയാണ് ചെയ്തത് . അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ഭാര്യയാണ് പറഞ്ഞു തന്നത് അങ്ങേരും ആ കുറ്റിക്കാട് (Bush) സായ്പിനെപ്പോലെ ഇറാഖില്‍ ബോംബ്‌ ഇട്ടുകൊണ്ടിരുന്നാല്‍ ലോകത്ത് മുഴുവന്‍ ഇന്ധനവിലയും തത്ഫലമായി അവശ്യ സാധനങ്ങളുടെ വിലയും വര്‍ധിക്കും. ആളുകളുടെ സമാധാനം കുറയും. ഇതിപ്പോള്‍ സ്വന്തം കീശ കാലിയായപ്പോഴെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചല്ലോ. അതുകൊണ്ടാണ് ടിയാനു സമാധാന നോബല്‍ കൊടുത്തതെന്ന്. വാസ്തവം ഇങ്ങനെ ഒന്നുമല്ലെങ്കിലും ഭാര്യ ഇത്രയും പറഞ്ഞപ്പോള്‍ എന്റെ രോക്ഷം ഒന്ന് അടങ്ങിയതാണ്. അപ്പോഴാണ്‌ ഗൂഗിള്‍ ഗോപാലന്‍ പുതിയ കണ്ടുപിടുത്തവുമായി രംഗപ്രവേശം ചെയ്തത്. മഹാത്മ ഗാന്ധിയുടെ പേര് അഞ്ചു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും സമാധാനത്തിന്ടെ നോബല്‍ സമ്മാനം നിഷേധിക്കപ്പെട്ടത്രേ. സത്യം, നിങ്ങളെപ്പോലെ ഞാനും ഞെട്ടിയതാണ്.

വാല്‍ക്കഷ്ണം: സമാധാനത്തിന്ടെ നോബല്‍ ഒബാമക്ക് കൊടുത്തപ്പോള്‍ എന്താണ് സത്യത്തില്‍ സംഭവിച്ചത്? ഒബാമയുടെ ജനപ്രീതി കൂടിയോ അതോ നോബല്‍ സമ്മാനത്തിന്റെ ജനപ്രീതി കുറഞ്ഞോ?

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ