2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഒരു പ്രണയത്തിന്ടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കേരളത്തില്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്ടെ കോലാഹലം ഇനിയും തീര്‍ന്നിട്ടില്ല. ക്യാമ്പസ്‌ മരണങ്ങള്‍ എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. പണ്ട് വിദ്യാഭാസ വായ്പ്പ ലഭികാത്തതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന്ടെ പേരില്‍ ഒരു കോലാഹലം. ആ മൃത്ശരീരം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തപ്പോള്‍ വീണ്ടും ബഹളം. കന്യകാത്വ പരിശോധന നടത്തി, മരിച്ച സ്ത്രീയെ അപമാനിച്ചു എന്നൊക്കെയാണ് കാരണം പറഞ്ഞത്. അത് കന്യകാത്വ പരിശോധനയല്ല എന്നും ദുരൂഹ സാഹചര്യത്തില്‍ ഏതു സ്ത്രീ മരിച്ചാലും നടത്തുന്ന ഒരു കൃതാനുസാരം മാത്രമാണ് അതെന്നും എല്ലാവര്ക്കും അറിവുള്ളതാണ്. കന്യകാത്വ പരിശോധനയാണെങ്കില്‍ പിന്നെ വിവാഹിതരായ സ്ത്രീകള്‍ മരിച്ചാല്‍ അത് ചെയ്യേണ്ട കാര്യമില്ലല്ലോ. ഇതെല്ലാം ഒരു ഭിഷഗ്വരന്‍ ചാനലിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കില്‍ പോലും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങളാണ് അവ. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹളം വെച്ചു. അവര്‍ ചിന്തിക്കുന്നത് ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ ചോരകൊണ്ട് എങ്ങനെ സ്വന്തം പാര്‍ട്ടിയുടെ കൊടിക്ക് നിറം ചാര്‍ത്താം എന്നാണു. ഇത്തവണയും സ്ഥിതി അതേ മട്ടിലായിരുന്നു, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍. അച്യുതാനന്തന്ടെ പട്ടി കൂട്ടിലും തരൂരിന്റെ പശു തൊഴുത്തിലും ആയതോട്‌ കൂടി വിവാദങ്ങള്‍ക്ക് ദാരിദ്ര്യമനുഭവിക്കുന്ന മാധ്യമപ്പട കൂട്ടിനും കൂടി ആയപ്പോള്‍ രംഗം ഉഷാര്‍.

ആദിയോട് അന്തം ഈ പ്രശ്നം കൈകാര്യം ചെയ്തത് തെറ്റായ മാര്‍ഗത്തിലൂടെയാണ്. ഭീഷണിക്കും പേശിബലത്തിനും കീഴടങ്ങിയ ഒരു പ്രണയം നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല. ഇവ രണ്ടും ഉദ്ദേശിക്കുന്നതിന്ടെ വിപരീത ഫലമാണ് ഉളവാക്കുക. കാരണം സ്വന്തം ആളുകള്‍ ഭീഷണിപ്പെടുത്തുമ്പോള്‍ അതിനു പാത്രീഭവിക്കുന്ന ആള്‍ക്ക് ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടാകുകയും തന്ടെ പങ്കാളിയിലേക്ക് കൂടുതല്‍ അടുക്കുകയുമാണ് ചെയ്യുന്നത്. ഇതൊന്നും ചിന്തിക്കാനുള്ള വിവേകം മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായില്ല. പെണ്‍കുട്ടിയെ വരും വരായ്കകള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ദുരന്തം ഒഴിവാകുമായിരുന്നു.

സ്വാശ്രയ മനേജുമെന്ടുകളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്‍ വൈരാഗ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അവര്‍ മനേജുമെന്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. മനേജുമെന്ട് സ്വന്തം തടി രക്ഷിക്കാനായി പെണ്‍കുട്ടിക്ക് ലഭിച്ച SMS സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനു മുമ്പ് ചത്ത പാതിയുടെ പിറകെ ചാവാത്ത പാതിയും പോയി. പാരലല്‍ കോളേജ്‌ അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു.

ഇവിടെ പ്രണയം കൊല ചെയ്യപ്പെടുകയും തത്ഭലമായി പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായത് . പ്രതി സ്ഥാനത്ത്‌ ഈ പ്രശ്നത്തില്‍ ഇടപെട്ട സമൂഹം. ഇങ്ങനെ ഒരു പാതകം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് സ്വാര്‍ത്ഥതയും വിവരമില്ലായ്മയും.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണ് എന്ന് മനസ്സിലായപ്പോള്‍ നിരാശരായ രാഷ്ട്രീയക്കാര്‍ പുതിയ ശവശരീരങ്ങള്‍ തേടി യാത്രയായി. മാധ്യമങ്ങള്‍ കോഴിയോ പൂച്ചയോ വരുന്നതും നോക്കി തിരഞ്ഞെടുപ്പ് സ്ഥലങ്ങളിലേക്ക് പോയി. ക്യാമ്പസ്‌ വീണ്ടും പഴയ ലോകത്തേക്ക്..... പുതിയ പ്രണയങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍.

2 അഭിപ്രായങ്ങൾ: